Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, December 11, 2007

മധ്യേയിങ്ങനെ-മഹേഷിന്റെ കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.സി.മഹേഷ് എഴുതിയ കവിതയുടെ പൂര്‍ണരൂപം.
മധ്യേയിങ്ങനെ
താഴോട്ട് വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷേ
ആരും ഇങ്ങനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്‍
വീഴുകയാണ്
തല മേളിലാകുമ്പോള്‍
പൊന്തുന്നു
അതുകൊണ്ടാണ് നമ്മളൊക്കെ
താഴേക്കുമാത്രം വീഴാതെ
ശ്രദ്ധിച്ച്
ഇപ്പോള്‍ മേല്‍പ്പോട്ട് വീണുപോകുന്നത്

മേല്‍പ്പോട്ട് പൊന്തുന്നപോലെ
താഴോട്ടും
തലകീഴെയാണെങ്കില്‍
നിങ്ങള്‍ പൊക്കത്തിലേക്കാണ്

മുകളിലേക്ക് വീണുപോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ
കാണുന്നതേയില്ല

Saturday, November 24, 2007

എഴുതിവെച്ചിരിക്കുന്നത്

ഗ്രന്ഥം തിരഞ്ഞിരുളിലേടു ചികഞ്ഞെടുത്ത്
ഞാനെന്റെ ജിഹ്വയിലതേറ്റുരുവിട്ടിടുമ്പോള്‍
ഇപ്പുസ്തകം കാണുവതാദ്യമല്ലെ-
ന്നൊട്ടും മടിക്കാതെ തിരിച്ചറിഞ്ഞു.

ഞാനെന്റെ ജീവിതകഥാകഷായം
മാലൊട്ടുമില്ലാതെ കുടിച്ചിടുമ്പോള്‍
ഇതിങ്ങനെയേ വരികൊള്ളുവെന്നറിയുന്നൊരാളു-
ണ്ടന്നേ രചിച്ചു നിറച്ചു ദുരന്തഗാഥ.

ആരോ കുറിച്ച വരികള്‍ക്കിടയില്‍നിന്നും
കയ്ക്കുന്ന ജീവിതവിഷം തിരയുന്ന നേരം
ആത്മാവില്‍ വന്നു തൊട്ടു വിളീച്ചുചൊല്ലീ
കൊല്ലാത്ത വിഷമാണു കുടിച്ചുകൊള്ളൂ.

പിന്നെയും സട കുടഞ്ഞെഴുന്നേറ്റു പോയാല്‍
മൂര്‍ദ്ധാവിലാഞ്ഞാഞ്ഞൊരു കൊത്തു കിട്ടും
കൈകാല്‍ കുഴഞ്ഞവശനായിഴയുന്നുവെങ്കില്‍
ദേഹം ചതച്ചൊരുകോണിലെറിഞ്ഞുതള്ളും.

എന്നാലുമിനിവേണ്ടയെന്നൊരു തോന്നലില്ല
തോന്നുതത്രയുമീവിഷമൂറ്റിമോന്താന്‍
അവസാനനിമിഷം തന്നന്ത്യം വരേക്കും
വിഷമെന്നറിഞ്ഞു കുടിച്ചു രമിപ്പതു ജീവിതം താന്‍.