Friday, December 14, 2007

മണിക്കുട്ടന്‍ പാവമല്ലേ

(ഇ-മെയിലില്‍ അയച്ചുകിട്ടിയ ഒരു നര്‍മ്മം.)
അവന്‍ വളരെ സന്തോഷവാനായിരുന്നു.
അവനൊരു അനിയനുണ്ടായി.
അപ്പോള്‍ അവന്‍ മൂഡൌട്ട് ആയി.
കാരണം അവന് അമ്മിഞ്ഞ കിട്ടിയില്ല.
അവന്‍ അമ്മയുടെ മുലയില്‍ എലിവിഷം പുരട്ടി.
അവന്‍ സ്കൂളില്‍ പോയി വന്നപ്പോള്‍ വീട്ടിലൊരു ആള്‍ക്കൂട്ടം.
അവന്‍ അച്ഛനോടു ചോദിച്ചു-എന്തുപറ്റി?
അപ്പോള്‍ അച്ഛന്‍ പറഞ്ഞു:
നമ്മുടെ ഡ്രൈവര്‍ എലിവിഷം കഴിച്ചു മരിച്ചു.

ഇനി പറയൂ,മണിക്കുട്ടന്‍ പാവമല്ലേ?

Tuesday, December 11, 2007

മധ്യേയിങ്ങനെ-മഹേഷിന്റെ കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.സി.മഹേഷ് എഴുതിയ കവിതയുടെ പൂര്‍ണരൂപം.
മധ്യേയിങ്ങനെ
താഴോട്ട് വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷേ
ആരും ഇങ്ങനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്‍
വീഴുകയാണ്
തല മേളിലാകുമ്പോള്‍
പൊന്തുന്നു
അതുകൊണ്ടാണ് നമ്മളൊക്കെ
താഴേക്കുമാത്രം വീഴാതെ
ശ്രദ്ധിച്ച്
ഇപ്പോള്‍ മേല്‍പ്പോട്ട് വീണുപോകുന്നത്

മേല്‍പ്പോട്ട് പൊന്തുന്നപോലെ
താഴോട്ടും
തലകീഴെയാണെങ്കില്‍
നിങ്ങള്‍ പൊക്കത്തിലേക്കാണ്

മുകളിലേക്ക് വീണുപോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ
കാണുന്നതേയില്ല

Saturday, December 8, 2007

മലയാളികള്‍ ശവംതീനികളോ?

മന്ത്രി ദിവാകരന് ഒരു വെളിപാടുണ്ടായിരിക്കുന്നു.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍ എന്നും പറയാം.
കേരളത്തില്‍ സസ്യാഹാരികളായി ആരെയും അങ്ങോര്‍ കാണുന്നില്ല.എല്ലാം പക്കാ നോണ്‍ ആണത്രെ.അതുകൊണ്ട് എല്ലാവരും അരിയാഹാരം മതിയാക്കി പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചോളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു.പശുവിനെയും കോഴിയെയും വീട്ടില്‍ വളര്‍ത്തിയാല്‍ മതിയല്ലോ.എത്ര നിസാരം!
വിലക്കയറ്റം ആളുകള്‍ പറഞ്ഞുപരത്തുന്നതാണെന്നും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിഭാസം ഇല്ലെന്നുമാണ് അടുത്ത കണ്ടെത്തല്‍.ഉള്ളി വാങ്ങിയിട്ട് കടയില്‍ 34 രൂപ കൊടുക്കുന്നത് വിലക്കയറ്റം കൊണ്ടല്ല,കടക്കാരന് ടിപ് കൊടുക്കുന്നതാവും!
സധാരണ മനുഷ്യന്റെ പ്രശ്നങ്ങളൊന്നും കാണാതിരിക്കുകയും കണ്ടാല്‍ നിസാരവത്ക്കരിക്കുകയും ചെയ്യുന്ന ഇത്തരക്കാരാണ് എന്തുകൊണ്ടും ഭരണയോഗ്യന്മാര്‍!
പിന്നെ ഇതിലൊന്നും അതിശയിക്കാനില്ല.വരും നാളുകളില്‍ നാം എന്തു ഭക്ഷിക്കണം,എന്തു വിസര്‍ജിക്കണം,എന്തു ചിന്തിക്കണം എന്നൊക്കെ ലവന്മാരല്ലെ തീരുമാനിക്കാന്‍ പോകുന്നത്.അതിന്റെ തുടക്കമായി ഇതിനെ കണ്ടാല്‍ മതി.ആഗോളവത്ക്കരണമേ നമോവാകം.
ഒരു പരിശീലനം നല്ലതല്ലേ?

Thursday, December 6, 2007

ഇന്നലെ രാത്രിയില്‍
എന്റെ സ്വപ്നത്തില്‍
നീ വന്നു.
എത്രയോ കാലമായി ആശിക്കുന്ന സ്വപ്നം!
നമ്മള്‍ പരസ്പരം തൊട്ടു.
നിന്റെ വലംകവിളിലെ
ചുവന്ന പാടുകളില്‍ ഞാന്‍ ഉമ്മ വെച്ചു.
നിന്റെ മണം ഞാനറിഞ്ഞു.
നിന്റെ നെറ്റിയില്‍ ചുവന്ന സിന്ദൂരം.
കാതില്‍ ചുവന്ന കമ്മല്‍.
നീ ആകെ ചുവന്നിരുന്നു.
ഞാന്‍ നിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഇരുന്നു.
നിന്റെ കൊതിപ്പിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു.
നീ പറഞ്ഞു:
-എല്ലാം ഞാനറിയുന്നു.പക്ഷെ........
എന്തുകൊണ്ടാണ് ആ വാചകം നീ പൂര്‍ത്തിയാക്കാഞ്ഞത്?

Tuesday, December 4, 2007

എലികളെ ജീവിക്കാന്‍ അനുവദിക്കുക

എലികള്‍ വീട്ടിലേക്കു കയറി വരുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നം കൊണ്ടാണ്.അവയ്ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പുറത്തു കിട്ടുമെങ്കില്‍ ഒരിക്കലും അവ വീട്ടിനുള്ളിലേക്ക് കയറിവരില്ല.
എലികളെ നശിപ്പിക്കുന്നതിനു പകരം അവയ്ക്ക് ഒരു പുനരധിവാസം നല്‍കുകയാണ് വേണ്ടത്.അതിനായി കുറഞ്ഞപക്ഷം കപ്പക്കൃഷിയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
കാര്‍ഷികവൃത്തിയുടെ അഭാവം തന്നെയാണ് എലികള്‍ വീട്ടിനുള്ളില്‍ പെരുകാന്‍ കാരണമാകുന്നത്.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളല്ലേ?

Saturday, November 24, 2007

പൊങ്കാല പൊതുനിരത്തില്‍

ഇന്ന് ചക്കുളത്തു കാവിലെ പൊങ്കാലയായിരുന്നു.
ഇന്നലെ അതിഥിയായി വന്ന എന്റെ സുഹൃത്തിനെ അത്യാവശ്യമായി റെയില്‍‌വേസ്റ്റേഷനില്‍ കൊണ്ടു വിടണം.വീടിനു പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല.ക്ഷേത്രത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് വീട്.എവിടെ നോക്കിയാലും അടുപ്പുകൂട്ടി കലങ്ങളുമായിരിക്കുന്ന സ്ത്രീകളും അവരുടെ സഹായികളും.എങ്ങനെ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിടും?
ബന്തോ ഹര്‍ത്താലോ ആണെങ്കില്‍ പോലും ഇത്രയും ബുദ്ധിമുട്ട് ഒരാള്‍ക്കുമുണ്ടാവില്ല.പാടുപെട്ട് സര്‍ക്കസുകളിച്ച് ഒരു വിധത്തില്‍ സ്കൂട്ടറില്‍ ഞങ്ങള്‍ പുറപ്പെട്ടു.പുക കണ്ണിലും മൂക്കിലും കയറി നീറ്റലും ശ്വാസതടസ്സവും ഉണ്ടാക്കുന്നതിനാല്‍ ശരിയായി വണ്ടിയോടിക്കാനും കഴിഞ്ഞില്ല.
എന്തായാലും ട്രെയിന്‍ പിടിക്കാന്‍ കഴിഞ്ഞു.
ഈ ഭക്തജനങ്ങള്‍ എന്തിനാണ് മറ്റു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?അപരനെ കഷ്ടപ്പെടുത്തിക്കൊണ്ടു പ്രാര്‍‌ത്ഥിച്ചെങ്കില്‍ മാത്രമേ ആഗ്രഹസാഫല്യം കിട്ടുകയുള്ളോ?ഇത് ചക്കുളത്തമ്മ പോലും പൊറുക്കുമെന്നു തോന്നുന്നില്ല.
എന്നെപ്പോലെ റോഡില്‍ കഷ്ടപ്പെടുന്ന പലരെയും ഞാന്‍ കണ്ടു.അപ്പോഴൊക്കെ എനിക്കു തോന്നിയത് ഈ പൊങ്കാലമഹോത്സവം ഒരു പബ്ലിക് നൂയിസന്‍സ് തന്നെയാണെന്നതാണ്.ഇത് നിയമം മൂലം നിരോധിക്കുകതന്നെവേണം.പൊതുനിരത്തിലെ ഭക്തിപ്രകടനങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.ജനങ്ങളെ വലയ്ക്കുന്നതിനും ഒരു പരിധിവേണ്ടേ?

ഒരു നല്ല കഥ-ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്

ഒരു നല്ല രചനയുടെ അടിസ്ഥാന ലക്ഷണം അത് ആസ്വാദകനില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ചെറിയ ചലനമെങ്കിലും സൃഷ്ടിക്കണംഎന്നതാണ്.പ്രത്യേകിച്ച് ചെറുകഥകള്‍.
ആ അര്‍ത്ഥത്തില്‍ വിജയിച്ച ഒരു കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ.പി.ശ്രീകുമാര്‍ എഴുതിയ വൃദ്ധജനബാങ്ക് എന്ന കഥ.പലരും പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും നവീനമായ അവതരണത്തിലൂടെ വായനക്കാരിലും ചെറുതല്ലാത്ത വിധത്തില്‍ സ്പര്‍ശിക്കാന്‍ ഈ കഥക്കു കഴിയുന്നുണ്ട്.സമകാലിക സംഭവങ്ങളും വാര്‍ദ്ധക്യ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഘടിപ്പിച്ചുകൊണ്ടു മുന്നേറുന്ന രചനാശൈലി തെല്ലും വിരസതയുണ്ടാക്കുന്നുമില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.കാരണം പലപ്പോഴും ഇത്തരം ചിത്രീകരണത്തിലാണ് കഥ പാളിപ്പോകാനുള്ള സാദ്ധ്യത ഉള്ളത്.
സഹൃദയര്‍ ഈ കഥ വായിക്കുക.(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 നവംബര്‍25-ഡിസംബര്‍ 1)