Saturday, November 24, 2007

പൊങ്കാല പൊതുനിരത്തില്‍

ഇന്ന് ചക്കുളത്തു കാവിലെ പൊങ്കാലയായിരുന്നു.
ഇന്നലെ അതിഥിയായി വന്ന എന്റെ സുഹൃത്തിനെ അത്യാവശ്യമായി റെയില്‍‌വേസ്റ്റേഷനില്‍ കൊണ്ടു വിടണം.വീടിനു പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല.ക്ഷേത്രത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് വീട്.എവിടെ നോക്കിയാലും അടുപ്പുകൂട്ടി കലങ്ങളുമായിരിക്കുന്ന സ്ത്രീകളും അവരുടെ സഹായികളും.എങ്ങനെ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിടും?
ബന്തോ ഹര്‍ത്താലോ ആണെങ്കില്‍ പോലും ഇത്രയും ബുദ്ധിമുട്ട് ഒരാള്‍ക്കുമുണ്ടാവില്ല.പാടുപെട്ട് സര്‍ക്കസുകളിച്ച് ഒരു വിധത്തില്‍ സ്കൂട്ടറില്‍ ഞങ്ങള്‍ പുറപ്പെട്ടു.പുക കണ്ണിലും മൂക്കിലും കയറി നീറ്റലും ശ്വാസതടസ്സവും ഉണ്ടാക്കുന്നതിനാല്‍ ശരിയായി വണ്ടിയോടിക്കാനും കഴിഞ്ഞില്ല.
എന്തായാലും ട്രെയിന്‍ പിടിക്കാന്‍ കഴിഞ്ഞു.
ഈ ഭക്തജനങ്ങള്‍ എന്തിനാണ് മറ്റു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?അപരനെ കഷ്ടപ്പെടുത്തിക്കൊണ്ടു പ്രാര്‍‌ത്ഥിച്ചെങ്കില്‍ മാത്രമേ ആഗ്രഹസാഫല്യം കിട്ടുകയുള്ളോ?ഇത് ചക്കുളത്തമ്മ പോലും പൊറുക്കുമെന്നു തോന്നുന്നില്ല.
എന്നെപ്പോലെ റോഡില്‍ കഷ്ടപ്പെടുന്ന പലരെയും ഞാന്‍ കണ്ടു.അപ്പോഴൊക്കെ എനിക്കു തോന്നിയത് ഈ പൊങ്കാലമഹോത്സവം ഒരു പബ്ലിക് നൂയിസന്‍സ് തന്നെയാണെന്നതാണ്.ഇത് നിയമം മൂലം നിരോധിക്കുകതന്നെവേണം.പൊതുനിരത്തിലെ ഭക്തിപ്രകടനങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.ജനങ്ങളെ വലയ്ക്കുന്നതിനും ഒരു പരിധിവേണ്ടേ?

6 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ഒരു വലിയ കമന്റ് എഴുതി വന്നതാണ്. പബ്ലീഷ് കൊടുത്തപ്പൊ എറര്‍. എഴുതിയതെല്ലാം പോയിക്കിട്ടി. വിമര്‍ശിച്ച് വീണ്ടുമെഴുതിയാല്‍ ഇനി കമ്പ്യൂട്ടര്‍ തന്നെ അടിച്ചുപോകുമോ എന്തോ.

അമ്മേ മഹാമായേ...മാപ്പാക്കണേ..!

സഞ്ജയന്‍ എഴുതിയത് വളരെ ശരി.

കാവലാന്‍ said...

ഏതുരൂപത്തില്‍ കാര്യങ്ങളെ നിങ്ങള്‍ വിലയിരുത്തുന്നുവോ അതുപോലെ നിങ്ങള്‍ക്കതനുഭവപ്പെടും.
എനിക്കു തോന്നുന്നത് ട്രെയിനില്‍ എത്തിപ്പറ്റാനുള്ള താങ്കളുടെ വ്യഗ്രതയായിരിക്കണം ഇതിനുകാരണം.
അനേകം പേര്‍ ആസ്വദിക്കുന്നത് എത്ര പേര്‍ക്കുവേണ്ടി നിര്‍ത്തലാക്കണം?. സഹിഷ്ണുത എന്ന ഒരു ഗുണമുള്ള
വര്‍ക്കിങ്ങനെ പറയാന്‍ കഴിയുമോ?.

Binu Paravur said...

ഇപ്പറഞ്ഞത് ചക്കുളത്തെ മാത്രം പ്രശ്നമല്ല... ഇതു പോലെ തന്നെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന പല സ്ഥലങ്ങളിലും അവ്വസ്ഥ ഇതു തന്നെയാണ്. ചൂഷണത്തിന് ഇരയാകുന്നവര്‍ ഒരു വശത്തും.. മറു വശത്ത് സഞ്ജയനെയും എന്നെയും പോലെ അതിന്റെ പ്രത്യാഖാതങ്ങള്‍ അനുഭവിക്കുന്നവരും...

Unknown said...

ഭക്തിയും വിശ്വാസവും ഒക്കെ ഇങ്ങിനെ റോഡിലും പൊതുനിരത്തിലും കൊണ്ട് വന്ന് വൃത്തികേടാക്കുന്നത് അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെയും ദേവിമാരെയും അപമാനിക്കലാണ് . ദൈവമുണ്ടെങ്കില്‍ ആ ദൈവം ശുദ്ധമായ മനസ്സിലാണ് ഉണ്ടാവുക . അല്ലാതെ നായ്ക്കള്‍ കാഷ്ടിക്കുന്ന പൊതു നിരത്തിലല്ല. അവിടെ വെച്ച് പൊങ്ങുന്ന പൊങ്കാല കഴിച്ച് ഒരു ദേവിയും സം‌പ്രീതയാവുകയുമില്ല . ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ ഭരണകൂടവും മാധ്യമങ്ങളും പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇനി വരും വര്‍ഷങ്ങളില്‍ പൊങ്കാലയിടാന്‍ സ്ഥലം തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വരേണ്ടി വരും . ബന്ദും ഹര്‍ത്താലും മുന്‍‌കൂട്ടി പ്രഖ്യാപിക്കുന്ന പോലെ പൊങ്കാല ദിവസം യാത്ര ഒഴിവാക്കണമെന്ന അറിയിപ്പ് പത്രങ്ങളിലും ടിവിയിലും കൊടുക്കുന്നത് സൌകര്യമായിരിക്കും !

മായാവി.. said...

ദൈവമുണ്ടെങ്കില്‍ ആ ദൈവം ശുദ്ധമായ മനസ്സിലാണ് ഉണ്ടാവുക . അല്ലാതെ നായ്ക്കള്‍ കാഷ്ടിക്കുന്ന പൊതു നിരത്തിലല്ല.i'm 100% agree with KP sukumaarji.

കാര്‍വര്‍ണം said...

“ഏതുരൂപത്തില്‍ കാര്യങ്ങളെ നിങ്ങള്‍ വിലയിരുത്തുന്നുവോ അതുപോലെ നിങ്ങള്‍ക്കതനുഭവപ്പെടും‘ അതെ അതാണ് ശരി,

ഒരു ന്യൂയിസെന്‍സ് ആണൊ, ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെ. ബീമാപ്പള്ളി ഉറൂസിനും, വെട്ടുകാടു കൊടിയേറ്റിനും, ശംഖുമുഖത്ത് ആറാട്ടിനും ഒക്കെ തിരുവനന്തപുരത്തു അര ദിവസം അവധിയാണ്. ആറ്റുകാല്‍ പൊങ്കലിനു തിരുവനന്തപുരം മുതല്‍ എര്‍ണാകുളം വരെയോ മറ്റോ ഫ്രീ യാണു. ഒരിക്കല്‍ ഒരു പൊങ്കാല ദിവസം മലബാര്‍ എക്സ്പ്രെസ്സില്‍ യാത്ര ചെയ്യേണ്ടിവന്ന എനിക്കു കോട്ടയം കഴിഞ്ഞാണ് സെക്കന്റ് ക്ലാസ്സിലെത്താന്‍ കഴിഞ്ഞത്. അത്രയും നേരം കൂനിക്കൂടി ഫസ്റ്റ് ക്ക്ലാസ്സഇലെ അപ്പര്‍ ബര്‍ത്തിലായിരുന്നു. താഴെ നിറയെ പൊങ്കാലയുമായി വരുന്ന ഭക്തജനങ്ങള്‍. അതൊക്കെ ഒരു രസമല്ലെ, ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ. എനിക്ക് അങ്ങനെയാണു തോന്നിയിട്ടുള്ളത്.