Saturday, November 24, 2007

എഴുതിവെച്ചിരിക്കുന്നത്

ഗ്രന്ഥം തിരഞ്ഞിരുളിലേടു ചികഞ്ഞെടുത്ത്
ഞാനെന്റെ ജിഹ്വയിലതേറ്റുരുവിട്ടിടുമ്പോള്‍
ഇപ്പുസ്തകം കാണുവതാദ്യമല്ലെ-
ന്നൊട്ടും മടിക്കാതെ തിരിച്ചറിഞ്ഞു.

ഞാനെന്റെ ജീവിതകഥാകഷായം
മാലൊട്ടുമില്ലാതെ കുടിച്ചിടുമ്പോള്‍
ഇതിങ്ങനെയേ വരികൊള്ളുവെന്നറിയുന്നൊരാളു-
ണ്ടന്നേ രചിച്ചു നിറച്ചു ദുരന്തഗാഥ.

ആരോ കുറിച്ച വരികള്‍ക്കിടയില്‍നിന്നും
കയ്ക്കുന്ന ജീവിതവിഷം തിരയുന്ന നേരം
ആത്മാവില്‍ വന്നു തൊട്ടു വിളീച്ചുചൊല്ലീ
കൊല്ലാത്ത വിഷമാണു കുടിച്ചുകൊള്ളൂ.

പിന്നെയും സട കുടഞ്ഞെഴുന്നേറ്റു പോയാല്‍
മൂര്‍ദ്ധാവിലാഞ്ഞാഞ്ഞൊരു കൊത്തു കിട്ടും
കൈകാല്‍ കുഴഞ്ഞവശനായിഴയുന്നുവെങ്കില്‍
ദേഹം ചതച്ചൊരുകോണിലെറിഞ്ഞുതള്ളും.

എന്നാലുമിനിവേണ്ടയെന്നൊരു തോന്നലില്ല
തോന്നുതത്രയുമീവിഷമൂറ്റിമോന്താന്‍
അവസാനനിമിഷം തന്നന്ത്യം വരേക്കും
വിഷമെന്നറിഞ്ഞു കുടിച്ചു രമിപ്പതു ജീവിതം താന്‍.

Thursday, November 22, 2007

മുറുക്കാനും മരണവും

ഞാന്‍ മുറുക്കുന്നു.
നാലുംകൂട്ടി ചവച്ചു തുപ്പുന്നു.
ജീവിതം നല്‍കിയ
കയ്പേറിയ അനുഭവങ്ങളാണ്
ഞാന്‍ ചവച്ചു തുപ്പുന്നത്.
അതുകൊണ്ടാണതിന്
ചോരയുടെ നിറം.

ഒരുനാള്‍ ഭാര്യ പറഞ്ഞു:
നിങ്ങളിങ്ങനെ
ഇഞ്ചിഞ്ചായി മരിക്കുന്നതില്‍
എനിക്കു സങ്കടമുണ്ട്‌.
ഏതെങ്കിലും വിഷം കഴിച്ച്
ഒറ്റയടിക്കു മരിച്ചുകൂടേ?

എനിക്കു ബോധോദയം.
ഇത്രനാളും എന്റെ മരണശേഷമുള്ള
അവളുടെ അവസ്ഥയോര്‍ത്ത്
ഉത്കണ്ഠയുണ്ടായിരുന്നു.
അത് മാറിക്കിട്ടി.
എന്റെ മരണം കാത്തിരിക്കുന്ന
അവള്‍ക്ക്
ആ അവസ്ഥ ഒരു പ്രശ്നമാകില്ലെന്ന
സന്തോഷത്തോടെ
ഞാന്‍ അവളുടെ നിര്‍ദേശം
ശിരസാ വഹിച്ചു.

Tuesday, November 20, 2007

വാക്ക്‌

ഒരു മുഴുക്കുടിയനെ
മദ്യം തൊടാത്തവനാക്കാനും
മദ്യം തൊടാത്തവനെ
മുഴുക്കുടിയനാക്കാനും
ഭാര്യയുടെഒരു വാക്കിനു കഴിയും.
***
സ്നേഹം നിറഞ്ഞ വാക്കിനും
നിഷ്ഠൂരമായ വാക്കിനും
ശക്തിയുണ്ട്‌.
രണ്ടും ഒരു വ്യക്തിയുടെ
ജീവിതം തന്നെ മാറ്റിമറിക്കും.
***
നാവുച്ചരിക്കുന്ന വാക്കിന്റെ
ഉറവിടം മനോസംസ്കാരമാണ്‌.
സംസ്കാരം വാക്കില്‍ പ്രതിഫലിക്കും.
***
എത്ര ശ്രമിച്ചാലും
നല്ല വാക്കുച്ചരിക്കാന്‍ കഴിയാത്തവരുടെ
ഹൃദയം അഴുക്കുചാലു തന്നെയാണ്‌.
ദുര്‍ഗന്ധം നിറഞ്ഞ ഓട.
***

Monday, November 19, 2007

പ്രിയാഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം

നാം നിരന്തരം ഫീച്ചറുകള്‍ വായിക്കുന്നവരാണ്.ഏതെങ്കിലുമൊക്കെ വിഷയങ്ങളായിരിക്കും.എന്നാല്‍ ഒട്ടുമിക്ക ഫീച്ചറുകളും തനി ജേണലിസം മാത്രമായി മാറിനില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ അനുഭവിക്കുന്നത്.സൌന്ദര്യാത്മകമായി നിലനില്പില്ലാത്ത അത്തരം ഫീച്ചറുകളാണ് നമ്മെ വായനയില്‍നിന്നും അകറ്റുന്നത്.
എന്നാല്‍ ഇതിനൊരു അപവാദമാണ് പ്രിയാ ഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം എന്ന ഫീച്ചര്‍.നവംബര്‍ ലക്കം മയൂരി മാസികയിലാണ് നമുക്കീ സൌന്ദര്യാന്മകപത്രപ്രവര്‍ത്തനം കാണാന്‍ കഴിയുന്നത്.പ്രശസ്ത നര്‍ത്തകി പത്മാമേനോനെ ക്കുറിച്ചുള്ളതാണീ ഫീച്ചര്‍.ഒരു പൊതു സ്വഭാവം വെച്ചുകൊണ്ട് ഫീച്ചര്‍ എന്നു പറഞ്ഞെന്നേയുള്ളു.ഒരു കലാകാരിയുടെ കരവിരുത് പ്രകടമാക്കുന്ന ഒരു രചനയായി വേണം ഇതിനെ കാണാന്‍.
സമഗ്രവും ലളിതവും.പത്മാമേനോനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് ഒരു സാമാന്യവിവരം ലഭിക്കുന്നു എന്നതിനു പുറമെ തുടങ്ങിയാല്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ രചനാശൈലി.
കഥക്കും കവിതക്കും മാത്രമല്ല ക്രാഫ്റ്റിന്റെ സാധ്യത എന്നുകൂടി പ്രിയാ ഉണ്ണിക്കൃഷ്ണന്‍ ഈ രചനയിലൂടെ‍ വെളിപ്പെടുത്തുന്നു.ചുരുക്കി പറഞ്ഞാല്‍ കലയുടെ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരുത്തമരചനയാണ് പ്രകാശപത്മം.അതാണ് ഈ രചനയെ വേറിട്ടു നിര്‍ത്തുന്നതും.
അതിന്റെ നവരസങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് വായിക്കുക തന്നെ വേണം.ആസ്വദിക്കാന്‍ പറ്റിയ രചന എന്നതില്‍ തെല്ലും സംശയമില്ല.
പ്രിയാഉണ്ണിക്കൃഷ്ണന് ആത്മാര്‍ത്ഥമായ നന്ദി.

Sunday, November 18, 2007

രതി

-പ്രതീക്ഷിച്ചത്ര സുഖം ആര്‍ക്കും രതിയിലൂടെ കിട്ടുകയില്ല.
-എല്ലും മാംസവും കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ശരീരത്തില്‍നിന്നും ഇത്രയുമെങ്കിലും സുഖം കിട്ടുന്നുണ്ടല്ലോ എന്നുവേണം വിചാരിക്കാന്‍.
-ആണിന്റെ രതിമൂര്‍ഛയ്ക്ക് ഒന്നു ഷോക്കടിക്കുന്നത്ര സമയം‌പോലും ആയുസ്സില്ല.
-ഉറുമ്പുകടി പോലൊരു പ്രതിഭാസമാണത്.

Saturday, November 17, 2007

വികാരിമാര്‍-വിവരമില്ലാത്ത വികാരജീവികള്‍

പുരോഹിതന്മാര്‍ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ്‌.രാഷ്ട്രീയക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന നന്മയല്ല ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നത്‌.അതായത്‌ മനുഷ്യരെ തമ്മിലടിപ്പിക്കലല്ല അവരുടെ കര്‍മ്മം.ളോഹയണിഞ്ഞ ചില വികാരികള്‍ കമ്മ്യൂണിസ്റ്റുകളെ ശത്രുക്കളായി കാണുന്നു.കമ്മ്യൂണിസ്റ്റു വിശ്വാസമുള്ളവര്‍ക്ക്‌ പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നു.അങ്ങനെ നോക്കിയാല്‍ ആദ്യം പള്ളിയില്‍നിന്നും പുറത്തക്കേണ്ടത്‌ യേശുവിനെയാണ്‌.കാരണം ലോകം കണ്ട മഹാനായ വിപ്ലവകാരി അദ്ദേഹമായിരുന്നു.പാവങ്ങളേയും ആലംബഹീനരേയും രോഗികളേയും ഒക്കെ അത്മാര്‍ഥമായി സ്നേഹിക്കുകയും അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുകയും അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ മതം പ്രചരിപ്പിക്കുകയും ചെയ്ത മഹാനായ കമ്മ്യൂണിസ്റ്റ്‌.

ആ മഹാന്റെ ആദര്‍ശങ്ങളോ സിദ്ധാന്തങ്ങളോ പിന്തുടരാതെ സ്വന്തം സൗകര്യത്തിനനുസരിച്ച്‌ അവയെ മാറ്റിയെടുത്ത്‌ സ്വാര്‍ത്ഥലാഭമുണ്ടാക്കുകയാണ്‌ ഇന്നത്തെ ഒട്ടുമിക്ക ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗവും ചെയ്യുന്നത്‌.അതിനുദാഹരണമാണ്‌ മത്തായിചാക്കോ സംഭവവും കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ പള്ളിയില്‍ പ്രവേശനനിഷേധവുമൊക്കെ.മനുഷ്യര്‍ പരസ്പരം തമ്മിലടിച്ച്‌ ഇറ്റിവീഴുന്ന ചോര നുണഞ്ഞ്‌ രസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇക്കൂട്ടരെ ആരാധനാലയങ്ങളില്‍നിന്നും ആദ്യം അടിച്ചു പുറത്താക്കി പരിമളതൈലം പൂശണം.എങ്കിലേ ആലയങ്ങള്‍ ശുദ്ധമാകൂ.

ഇവരുടെ ലക്ഷ്യം മനുഷ്യനന്മയല്ല എന്നു വ്യക്തമാണ്‌.എല്ലാ മതങ്ങളും അടിസ്ഥാനപരമായി മനുഷ്യനന്മക്കുവേണ്ടിയുള്ളതു തന്നെയാണ്‌.അങ്ങനെയുള്ള പ്രാഥമിക പാഠങ്ങള്‍പോലും മറന്ന് തെരുവിലിറങ്ങി വര്‍ഗ്ഗീയത പ്രസംഗിച്ച്‌ ജനഹൃദയങ്ങളില്‍ വിദ്വേഷവും കലാപവും കുത്തിവെക്കുന്ന ഇവര്‍ക്ക്‌ പുരോഹിതന്മാരായി തുടരാന്‍ എന്തവകാശം?ളോഹയഴിച്ചുവെച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ അധികാരം വെട്ടിപ്പിടിച്ച്‌ രാജ്യത്തെ നശിപ്പിക്കുക എന്ന ഇന്നത്തെ രാഷ്ട്രീയ ദൗത്യം നിറവേറ്റട്ടെ ഇവര്‍.


പുരോഹിതര്‍ വര്‍ഗീയവാദികളാകരുത്‌.എല്ലാ മതത്തില്‍പ്പെട്ട പുരോഹിതര്‍ക്കും ബാധകമായ സത്യമിതാണെന്നിരിക്കെ രാഷ്ട്രീയക്കാര്‍ക്ക്‌ സ്തുതി പാടാത്ത ഏതെങ്കിലും ആത്മീയാചാര്യന്മാരുണ്ടോ എന്ന് സംശയമാണ്‌.മതാദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയം എന്നാല്‍ വര്‍ഗീയതയുടെ മറ്റൊരു മുഖം എന്നുതന്നെയാണ്‌ അര്‍ത്ഥം.അവസാനവും ഏകവും ആയ പോംവഴി ആത്മീയതയാണെന്നു പ്രഖ്യാപിക്കുന്നവര്‍ തന്നെ അതില്‍നിന്നു പിന്നോട്ടുപോയി രാഷ്ട്രീയവും വര്‍ഗീയതയുമാണ്‌ ശാശ്വത പരിഹാരം എന്നു തെളിയിക്കുന്നതുപോലെയാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഏതെങ്കിലും വികാരജീവികളായ വികാരിമാര്‍ മുക്രയിടുന്നതുകൊണ്ട്‌ ഒരു രാഷ്ട്രീയപ്രസ്ഥാനവും നശിക്കാന്‍ പോകുന്നില്ല.പള്ളിയില്‍ കയറി പ്രര്‍ത്ഥിക്കുന്ന എത്രയോ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളുണ്ടായിരിക്കാം.അവരെ ആര്‍ക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും?ലോകര്‍ക്കൊക്കെയും മാതൃകയായ കമ്മ്യൂണിസ്റ്റായിരുന്നു യേശുക്രിസ്തു.അദ്ദേഹത്തെ സ്തുതിച്ചാരാധിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഇന്നത്തെ ശിഷ്യന്മാര്‍ ആന്റി കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത്‌!

വിഡ്ഢ്യാസുരന്മാരായ ഈ വികാരിമാര്‍ അറിയുന്നില്ലല്ലോ ഇവര്‍ എന്താണു ചെയ്യുന്നതെന്ന്.കര്‍ത്താവേ,ഇവരോട്‌ ഒരു കാലത്തും പൊറുക്കരുതേ.

തെറിയഭിഷേകവും അശ്ലീലാര്‍ച്ചനയും ഹിന്ദുസംസ്കാരമോ?

ഹിന്ദുവിനെക്കുറിച്ചോ ഹിന്ദുമതത്തെക്കുറിച്ചോ ഒന്നുമറിയാത്ത ചില വിഡ്ഢികളുണ്ട്‌.അവരുടെ വിചാരം തങ്ങളാണ്‌ ഹിന്ദുമതത്തിന്റെ കാവല്‍ക്കാര്‍ എന്നാണ്‌.ഇക്കൂട്ടര്‍ക്ക്‌ ഒരു പൊതു സ്വഭാവമുണ്ട്‌.ആരെങ്കിലും മതസംബന്ധിയായ എന്തെങ്കിലും സത്യം പറഞ്ഞുപോയാല്‍ വേട്ടനായ്ക്കളെപ്പോലെ ചാടിക്കടിക്കാന്‍ വരും.കടിക്കില്ല,കുരയ്ക്കുകയേ ഉള്ളൂ.സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ ഭയപ്പെട്ട്‌ തെറി വിളിക്കും.കാണാമറയത്തിരുന്ന് അശ്ലീലം പറഞ്ഞ്‌ തൃപ്തിയടയും.

അവരുടെ ദൈവങ്ങളെ തൊട്ടുകളിക്കരുതത്രെ!കണ്ടോ,ദൈവമല്ല,ദൈവങ്ങളാണ്‌.ഹിന്ദുമതം നന്നായി അറിയുന്ന ഒരാള്‍ ഒരിക്കലും ദൈവങ്ങള്‍ എന്നു പറയില്ല.ദൈവം ഒന്നേയുള്ളു,അത്‌ പല നാമരൂപങ്ങളില്‍ അറിയപ്പെടുന്നു എന്നാണ്‌ പ്രാമാണികഗ്രന്ഥങ്ങളായ വേദങ്ങള്‍ പറയുന്നത്‌.ഈ അടിസ്ഥാനപാഠം പോലും അറിയാത്ത വിവരദോഷികളാണ്‌ ഹിന്ദുമതത്തെ നശിപ്പിക്കുന്നത്‌.എന്നിട്ടോ ഇവര്‍ ഹിന്ദുവിന്റെ ഒരിക്കലും ഊരി മാറ്റാനാവാത്ത മുഷിഞ്ഞുനാറിയ കുപ്പായം എടുത്തണിഞ്ഞിരിക്കുന്നു.

വാസ്തവത്തില്‍ ഇവര്‍ ഹിന്ദുക്കളല്ല,മതമൗലികവാദികളാണ്‌.അപകടകരമാംവിധം വിഷം ഉള്ളില്‍ വഹിക്കുന്ന വിവരംകെട്ട വര്‍ഗീയവാദികള്‍.ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച്‌ പുറത്തു ചാടിക്കാതെ ഹിന്ദുമതം രക്ഷപെടില്ല.അല്ലാതെ പൂജാരിയുടെ വാക്കുകള്‍ കണ്ണടച്ചനുസരിക്കുന്നതിലല്ല വിജയം.

ദേവപ്രശ്നത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒരു നല്ല ഹിന്ദുവിന്റെ രക്തം തിളയ്ക്കും.തിളയ്ക്കണം.ആ രക്തം വഹിക്കുന്നവന്‍ ആദ്യം അതിനെതിരെ പ്രതികരിക്കുകയും ചെയ്യും.ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കൊള്ളരുതായ്മകളെ എതിര്‍ക്കാത്തവന്‍ ഹിന്ദുവാകുന്നതെങ്ങനെ?പകരം എതിര്‍ക്കുന്നവരെ എതിര്‍ക്കാനാണ്‌ ഇവരുടെ രക്തം തിളയ്ക്കുന്നത്‌.പ്രതികരിക്കുന്നവര്‍ക്കെതിരെ തെറിയഭിഷേകം നടത്തുവാനും ഗോഗ്വാ കാണിക്കാനും മാത്രം പഠിച്ചുവെച്ചിട്ടുള്ള ഇവര്‍ വാസ്തവത്തില്‍ അനീതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്‌?മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച്‌ കാര്യങ്ങള്‍‍ നടന്നുകിട്ടാന്‍ വേണ്ടി മതത്തിന്റെ മറവില്‍ നടക്കുന്ന അനീതിക്ക്‌ സംരക്ഷണം നല്‍കുന്ന കാവല്‍പട്ടികളാണ്‌ ഇക്കൂട്ടര്‍.

ഹിന്ദുവിന്‌ ഒരു നല്ല സംസ്ക്കാരമുണ്ട്‌.എന്തും സമചിത്തതയോടെ ഉള്‍ക്കൊള്ളുവാനും പക്വമായി പ്രതികരിക്കുന്നതിനും ഉള്ള വിവേചനശേഷിയാണ്‌ സനാതനപാരമ്പര്യം.അല്ലാതെ ഉറഞ്ഞുതുള്ളി തെറിയഭിഷേകവും അശ്ലീലാര്‍ച്ചനയും നടത്തുന്നവന്‌ ഹിന്ദു എന്ന പദം പോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല.അസഹിഷ്ണുതയും അപക്വതയും നീചലക്ഷണമാണ്‌.